ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യചരിത്രം
ഐതിഹ്യ പ്രസിദ്ധമായ “വല്ലീഗ്രാമ”മാണ് കാലാന്തരത്തില്‍ വള്ളിക്കുന്നായി മാറിയതെന്ന് പറയപ്പെടുന്നു. ഉദ്ദണ്ഡശാസ്ത്രികളുടെ “കോകിലസന്ദേശം” എന്ന കൃതിയില്‍ പരാമര്‍ശിക്കുന്ന വല്ലിയാര്‍ വളരെ പ്രസിദ്ധമായൊരു നദിയായിരുന്നു. “മഴമംഗല”ത്തിന്റെ “ഭാഷാനൈഷധ ചമ്പു”വില്‍ പരാമര്‍ശിക്കുന്ന “വല്ലീഗ്രാമം” “വള്ളിക്കുന്ന്” ആണെന്ന് ഉള്ളൂരിന്റെ “കേരള സാഹിത്യ ചരിത്ര”ത്തില്‍ കാണാം. “വല്ലിയാര്‍ ചൂഴുന്ന കുന്ന്” എന്ന അര്‍ത്ഥത്തില്‍ ഈ പ്രദേശത്തെ വള്ളിക്കുന്നന്ന് വിളിക്കുവാനിടവന്നു. വല്ലിയാറിന്റെ അഥവാ കടലുണ്ടിപ്പുഴയുടെ തീരത്തുള്ള ഈ ഗ്രാമം ഭരിച്ച ആദ്യരാജവംശം “പാപ്പനാട് വലിയ പുതിയ കോവിലക”ക്കാരാണെന്നു ചരിത്രസൂചനകളുണ്ട്. ഇവര്‍ ശിവക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുണ്ടാക്കിയ തറക്കൂട്ടങ്ങളിലൂടെ ഭരണം നടത്തിപ്പോന്നു. വള്ളിക്കുന്ന് തേക്കില്‍ ശിവക്ഷേത്രം, മണ്ണൂര്‍ ശിവക്ഷേത്രം, ചേലേമ്പ്ര എളന്നുമ്മല്‍ ശിവക്ഷേത്രം, തേഞ്ഞിപ്പലം പാപ്പന്നൂര്‍ ശിവക്ഷേത്രം, വെണ്ണായൂര്‍ ശിവക്ഷേത്രം എന്നിങ്ങനെ അഞ്ചു തറകളായാണ് പ്രസ്തുത ഭരണാധികാരികളുടെ കീഴില്‍ രാജ്യം വിഭജിക്കപ്പെട്ടിരുന്നത്. വള്ളിക്കുന്നില്‍ മേക്കോട്ട ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നിടത്തായിരുന്നു പരപ്പനാട്ടു രാജാക്കന്‍മാരുടെ കൊട്ടാരമുണ്ടായിരുന്നത്. കോവിലകത്തെ പടയാളികള്‍ ആയുധപരിശീലനം നടത്തിയിരുന്നതും അവിടെയായിരുന്നു. ക്ഷേത്രത്തിനു ചുറ്റം ഇന്നു കാണുന്ന കിടങ്ങുകളുടെയും തുരങ്കങ്ങളുടെയും അവശിഷ്ടങ്ങള്‍ അതിനുള്ള തെളിവുകളായി കണക്കാക്കാം. പരപ്പനാട്ടു കോവിലകം പിന്നീട് ബേപ്പൂര്‍ താവഴിയായും, പരപ്പനങ്ങാടി താവഴിയായും പിരിഞ്ഞു. മാവേലിക്കരയിലേക്ക് കുടിയേറിയ പരപ്പനങ്ങാടി താവഴി (കിളിമാനൂര്‍ രാജവംശം) അനന്തപുരം, ലക്ഷ്മീപുരം കൊട്ടാരങ്ങളില്‍ താമസിക്കുന്നു. ഈ വംശപരമ്പരയില്‍ പെട്ടവരാണ് കേരളവര്‍മ്മ വലിയകോയിത്തമ്പുരാനും എ.ആര്‍.രാജരാജവര്‍മ്മയും. എ.ആറിന്റെ ജന്മഗേഹം തന്നെ വള്ളിക്കുന്നിലാണെന്നും പറയപ്പെടുന്നു. ബ്രിട്ടീഷ് സാമ്രാജ്യശക്തികള്‍ക്കെതിരെയായി പടപൊരുതിയ വേലുത്തമ്പിദളവയുടെ പിതാമഹന്‍ വളളിക്കുന്നില്‍ നിന്ന് തിരുവിതാംകൂറിലേക്ക് പോയതാണ്. ആ കുടുംബം താമസിച്ചിരുന്ന തട്ടാരികോവിലകവും കുളവും ഇന്നും നിലനില്‍ക്കുന്നുണ്ട്. മഴമംഗലം ജനിച്ചതും വള്ളിക്കുന്നിലാണത്രെ. പരപ്പനാട്ടു കോവിലകക്കാര്‍ രണ്ടു താവഴികളിലായി തെറ്റിപ്പിരിഞ്ഞപ്പോള്‍ ക്ഷേത്രത്തിന്റെയും ക്ഷേത്രസ്വത്തുകളുടെയും ഭരണച്ചുമതല ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഏല്‍പ്പിച്ചു. തര്‍ക്കം തീരുമ്പോള്‍ തിരിച്ചേല്‍പ്പിക്കാമെന്ന വ്യവസ്ഥയോടെയായിരുന്നു ഇത്. 1857-ലെ വിക്ടോറിയന്‍ വിളംബരത്തെ തുടര്‍ന്ന്, ഈസ്റ്റ് ഇന്ത്യ കമ്പനി ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും ട്രസ്റ്റിയെന്ന നിലയില്‍ സാമൂതിരിയെ ഏല്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് രാജ്യഭരണം ബ്രിട്ടീഷുകാര്‍ക്കും ക്ഷേത്രാധികാരം സാമൂതിരിക്കുമായി. ഇന്നത്തെ കടലുണ്ടിനഗരമാണ് പുരാതന തുറമുഖനഗരമായ “തിണ്ടീസ്സ്” എന്നു കരുതുന്നു. “തിണ്ടീസ്സ്” തുറമുഖം അറേബ്യന്‍ നാടുകളുമായി മലഞ്ചരക്കു വ്യാപാരം നടത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. ഈ തുറമുഖം വഴി കടലുണ്ടിപുഴയിലൂടെ തിരുത്തിയിലെ കപ്പേപ്പാടം എന്ന സ്ഥലത്ത് വലിയ പായക്കപ്പലുകള്‍ എത്തി നങ്കൂരമിട്ടിരുന്നു. പ്രസ്തുത പാടത്തിന് കപ്പേപ്പാടം എന്ന പേരു വന്നതിങ്ങനെയാണ്. വള്ളിക്കുന്നിന്റെ തെക്കുകിഴക്കേ മൂലയില്‍ “ഇരുമ്പോത്തുങ്ങള്‍” എന്നാരു സ്ഥലമുണ്ട്. ഈ പേരിന്റെ പിന്നിലും ഒരു ചരിത്രമുണ്ട്. മുമ്പ് ഈ പ്രദേശങ്ങളിലെ പാറകള്‍ അടിച്ചുടച്ച് ഉലയില്‍ ചൂടാക്കി അതില്‍ നിന്ന് ഇരുമ്പ് ഊതിയെടുത്ത് ആയുധങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് ഇരുമ്പോത്തിങ്ങള്‍ എന്ന പേരു ഈ സ്ഥലത്തിനു ലഭിച്ചു. ഈ പ്രദേശത്തെ ഭൂസ്വത്തുക്കളില്‍ 90 ശതമാനത്തിന്റേയും ഉടമസ്ഥത കൈയ്യടക്കിവച്ചിരുന്നത് ഏതാനും ജന്മി കുടുംബങ്ങളായിരുന്നു. വള്ളിക്കുന്നില്‍ ഭൂമിക്കുവേണ്ടിയുള്ള സമരം കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ശക്തമായി നടന്നു. ഫ്യൂഡല്‍ ജന്മിത്വത്തെ ഇവിടെനിന്നു ഉന്മൂലനം ചെയ്യാന്‍ പ്രസ്തുത സമരങ്ങള്‍ക്കു സാധിച്ചു. ഭൂപരിഷ്കരണ നിയമം ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ ഭൂസ്വത്തുക്കളുടെ ഉടമകളാക്കി. തുടര്‍ന്നു പഞ്ചായത്തിലെ ജനങ്ങളുടെ സാമൂഹ്യ ജീവിതത്തില്‍ അവര്‍ണ്ണനീയമായ മാറ്റങ്ങളാണ് വന്നത്. ദേശീയസ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളികളായി ചിലരെയെങ്കിലും സംഭാവന ചെയ്യാന്‍ ഈ ഗ്രാമത്തിനു സാധിച്ചു. അഖിലേന്ത്യാ സമാധാന കൌണ്‍സില്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന കെ.മാധവന്‍ ആയിരുന്നു അവരില്‍ പ്രമുഖന്‍. കെ.കേളപ്പന്‍ പ്രസിഡന്റായിരിക്കെ കെ.പി.സി.സി സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന വിഖ്യാതകൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മാധവനാണ്. പട്ടികജാതിയില്‍പെട്ട ഒരു സ്ത്രീയെ വീട്ടിനകത്തു കയറ്റി വിപ്ളവം സൃഷ്ടിച്ച വ്യക്തിയാണിദ്ദേഹം. എ.കെ.ജിയുടെ കൂടെ ജയില്‍വാസമനുഷ്ഠിച്ച കെ.ടി.മാധവന്‍ നായര്‍, ഗോവാ സമരവുമായി ബന്ധപ്പെട്ട അബ്ദുള്ളക്കുട്ടി, നേവി കലാപവുമായി ബന്ധപ്പെട്ട സി.എം.ഏച്ചുണ്ണി നായര്‍, ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത ഇ.പുരുഷോത്തമന്‍ നമ്പൂതിരി പ്രമുഖ സഹകാരിയും വിദ്യാഭ്യാസപ്രവര്‍ത്തകനുമായിരുന്ന സി.എം.ഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ ദേശീയപ്രസ്ഥാനത്തിന്റെ കരുത്തുറ്റ പ്രവര്‍ത്തകരായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് കെ.കേളപ്പന്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കേരളീയന്‍ തുടങ്ങിയവര്‍ വള്ളിക്കുന്ന് സന്ദര്‍ശിക്കുകയുണ്ടായി. 1927-28 കാലത്താണ് കോണ്‍ഗ്രസ് ദേശീയപ്രസ്ഥാനം ഇവിടെ ശക്തി പ്രാപിക്കുന്നത്. മദ്യവര്‍ജ്ജന പ്രചാരണവും സ്വാതന്ത്ര്യ പ്രക്ഷോഭവുമായിരുന്നു പ്രധാന പരിപാടി. 1931-ല്‍ തിരൂരങ്ങാടിയില്‍ മദ്യവര്‍ജ്ജനഘോഷയാത്ര നടന്നു. തിരുത്തിയില്‍ നിന്നും തുടങ്ങി തിരൂരങ്ങാടിയില്‍ സമാപിക്കാനുദ്ദേശിച്ചിരുന്ന ജാഥയെ പാറക്കടവില്‍ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് അവിടെ പ്രതിഷേധ സത്യാഗ്രഹം നടന്നു. പഴയ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴിലായിരുന്ന വള്ളിക്കുന്നില്‍ ആദ്യത്തെ പഞ്ചായത്ത് ബോര്‍ഡ് നിലവില്‍ വന്നത് 1954-55-ലാണ്. അക്ഷരാഭ്യാസമുള്ളവര്‍ ഒത്തുകൂടി കൈപൊക്കി വോട്ട് ചെയ്താണ് അക്കാലത്തു തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ആദ്യപ്രസിഡന്റ് ടി.എന്‍.ദാമോദരന്‍ മൂസതായിരുന്നു.
സ്വാതന്ത്ര്യസമരവും വള്ളിക്കുന്നും
പഴയ മലബാര്‍ സംസ്ഥാനത്തിലുള്‍പ്പെടുന്ന ഈ ഗ്രാമം പണ്ട് സാമൂതിരിപ്പാടിന്റെ സാമന്തനായിരുന്ന പരപ്പനാട്ട് രാജാവിന്റെ അധീനതയിലായിരുന്നു. രാജഭരണത്തിന്റെയും ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയുടെയും ഫ്യൂഡല്‍ പ്രഭുവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെയും കയ്പുനീര്‍ അനുഭവിച്ചറിഞ്ഞവരാണ് ഈ നാട്ടിലെ അടിസ്ഥാനവര്‍ഗ്ഗം. സവര്‍ണ്ണ സമ്പന്ന നാടുവാഴി പ്രഭുക്കളുടെ അധീശാധികാരത്തെ ചെറുത്തു നിന്ന പോരാട്ടത്തിന്റെ ചരിത്രം ഈ നാടിനുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ച്ചക്കെതിരെ ഭാരതത്തില്‍ ചീറിയടിച്ച ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഈ കൊച്ചു ഗ്രാമത്തെയും കര്‍മ്മോന്മുഖരാക്കി. സമരാവേശത്താല്‍ രണാങ്കണത്തിലിറങ്ങിയ പ്രബുദ്ധമായ ഒരു യുവനിര അന്നീ നാട്ടിലുണ്ടായിരുന്നു. നാളതുവരെ ആരും കാണാത്ത മട്ടിലുള്ള ഐക്യത്തോടെ ഒരേ ലക്ഷ്യത്തിനു വേണ്ടി പോരാടാനിറങ്ങിയ ഒരു ജനതതിയെയാണ് അന്നീ ഗ്രാമം കണ്ടത്. സ്വാതന്ത്ര്യപ്രസ്ഥാനത്തിന് പ്രേരകമാകുമാറ് വിദ്യാഭ്യാസ പ്രചാരണം നടത്തി നിരവധി പേരുടെ ഗുരുസ്ഥാനമാര്‍ജ്ജിച്ച പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, കുഞ്ഞിരേഴി അയ്യപ്പന്‍ നായര്‍, യു.തെയ്യന്‍ വൈദ്യര്‍, കെ.വി.ഗോവിന്ദന്‍കുട്ടിനായര്‍, കെ.ടി.മാധവന്‍ നായര്‍, ഓച്ചോളിഅപ്പുട്ടി, പുരുഷോത്തമന്‍ നമ്പൂതിരി, പാന്നാട്ട് കുഞ്ഞിരാമന്‍ നായര്‍, സി.എം.ഏച്ചുണ്ണി നായര്‍ തുടങ്ങി പല മഹാരഥന്മാരും ഈ പോരാട്ടത്തില്‍ പങ്കാളികളായി. അവരുടെ വീരോജ്ജ്വല ജീവിത കഥയില്‍ ഈ ഗ്രാമം എക്കാലവും അഭിമാനിക്കുന്നു. 1927-28 കാലത്താണ് കോണ്‍ഗ്രസ് ദേശീയപ്രസ്ഥാനം ഇവിടെ ശക്തി പ്രാപിക്കുന്നത്. മദ്യവര്‍ജ്ജന പ്രചാരണവും സ്വാതന്ത്ര്യ പ്രക്ഷോഭവുമായിരുന്നു പ്രധാന പരിപാടി. 1931-ല്‍ തിരൂരങ്ങാടിയില്‍ മദ്യവര്‍ജ്ജനഘോഷയാത്ര നടന്നു. തിരുത്തിയില്‍ നിന്നും തുടങ്ങി തിരൂരങ്ങാടിയില്‍ സമാപിക്കാനുദ്ദേശിച്ചിരുന്ന ജാഥയെ പാറക്കടവില്‍ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് അവിടെ പ്രതിഷേധ സത്യാഗ്രഹം നടന്നു. കെ.ടി മാധവന്‍ നായര്‍, നീലകണ്ഠന്‍ മൂസ്സത്, പാന്നാട്ട് കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവര്‍ ഈ സമരത്തിന് നേതൃത്വം നല്‍കി. 1938-ലെ ബക്കളം സമ്മേളനത്തിലും മങ്കട പള്ളിപ്പുറം രാഷ്ട്രീയ പരിശീലന ക്ളാസ്സിലും വള്ളിക്കുന്നില്‍ നിന്ന് പാങ്ങാട്ട് കുഞ്ഞിരാമന്‍ നായര്‍ പങ്കെടുത്തു. 1939-ലെ പറപ്പൂര്‍ സമ്മേളനത്തില്‍ പാന്നാട്ടിനു പുറമേ പുളിയശ്ശേരി ശങ്കുണ്ണി നായരും എടശ്ശേരി പുരുഷോത്തമന്‍ നമ്പൂതിരിയും പങ്കെടുത്തു. ജനസമ്പര്‍ക്ക പരിപാടിയായി വയോജന വിദ്യാഭ്യാസ ക്ളാസ്സുകളും അക്കാലത്ത് വ്യാപകമായി നടത്തുകയുണ്ടായി. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട ഖിലാഫത്തുപ്രസ്ഥാനം ഇടയ്ക്കു വര്‍ഗീയ കലാപമായി രൂപമാര്‍ജ്ജിച്ചതോടെ ഏറനാട് ചോരപ്പുഴയായി മാറിയെങ്കിലും ഹിന്ദുക്കളും മുസ്ളീങ്ങളും ഇടകലര്‍ന്നു ജീവിക്കുന്ന ഈ ഗ്രാമത്തില്‍ വര്‍ഗ്ഗീയ സംഘട്ടനം ഉണ്ടായതേയില്ല. എന്നുമാത്രമല്ല ഒലിപ്രം കടവ് കടന്ന് ഇക്കരെ കടക്കാന്‍ തുനിഞ്ഞ കലാപകാരികളെ തുരത്താന്‍ ഈ ഗ്രാമത്തിലെ മുഹമ്മദീയ സഹോദരന്‍മാര്‍ മുന്‍നിരയില്‍ നിന്ന് ചെറുത്ത ഉദാത്ത ചരിത്രം ഈ ഗ്രാമത്തിന്റെ ഉജ്ജ്വല സംസ്കാരത്തിന്റെ ദൃഷ്ടാന്തമാണ്.
സാംസ്കാരികചരിത്രം
ഉദാത്തമായൊരു സാംസ്കാരികപശ്ചാത്തലം ഈ നാടിനുണ്ട്. വള്ളിക്കുന്ന് തേക്കില്‍ ശിവക്ഷേത്രം, മണ്ണൂര്‍ ശിവക്ഷേത്രം, ചേലേമ്പ്ര എളന്നുമ്മല്‍ ശിവക്ഷേത്രം, തേഞ്ഞിപ്പലം പാപ്പന്നൂര്‍ ശിവക്ഷേത്രം, വെണ്ണായൂര്‍ ശിവക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പുരാതനക്ഷേത്രങ്ങള്‍. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട ഖിലാഫത്തുപ്രസ്ഥാനം ഇടയ്ക്കു വര്‍ഗീയ കലാപമായി രൂപമാര്‍ജ്ജിച്ചതോടെ ഏറനാട് ചോരപ്പുഴയായി മാറിയെങ്കിലും ഹിന്ദുക്കളും മുസ്ളീങ്ങളും ഇടകലര്‍ന്നു ജീവിക്കുന്ന ഈ ഗ്രാമത്തില്‍ വര്‍ഗ്ഗീയ സംഘട്ടനം ഉണ്ടായതേയില്ല. എന്നുമാത്രമല്ല ഒലിപ്രം കടവ് കടന്ന് ഇക്കരെ കടക്കാന്‍ തുനിഞ്ഞ കലാപകാരികളെ തുരത്താന്‍ ഈ ഗ്രാമത്തിലെ മുഹമ്മദീയ സഹോദരന്‍മാര്‍ മുന്‍നിരയില്‍ നിന്ന് ചെറുത്ത മഹത്തായ മതസൌഹാര്‍ദ്ദചരിത്രം ഈ നാടിനുണ്ട്. 1949-ല്‍ വള്ളിക്കുന്ന് മുണ്ടിയില്‍ കാവ് പറമ്പില്‍ സ്ഥാപിച്ച സാധു സംരക്ഷണ വായനശാല ആന്റ് ലൈബ്രറിയാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ ഗ്രന്ഥാലയം. ഈ ഗ്രന്ഥാലയത്തിന്റെ കീഴില്‍ ഒരു വായനശാലയും, വയോജന വിദ്യാഭ്യാസ ക്ളാസ്സും നടന്നിരുന്നു. ഈ വായനശാലയും ഗ്രന്ഥാലയവും ഇന്നില്ല. 1952-ല്‍ കൊടക്കാട് സ്ഥാപിച്ച ഗ്രാമോദ്ധാരണം വായനശാല ആന്റ് ലൈബ്രറി, ഇന്നു നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴയ വായനശാലയും ഗ്രന്ഥാലയവുമാണ്. ആനയറങ്ങാടിയിലെ എസ്സ്.എം.എം ലൈബ്രറി രൂപം കൊള്ളുന്നത്, 1955-ലാണ്. എസ്.മുഹമ്മദ് സ്മാരക ഗ്രന്ഥാലയം എന്ന പേരു സ്വീകരിക്കുന്നതിനു മുമ്പ് ഇതിന്റെ പേര്‍ സഹൃദയ ലൈബ്രറി ആന്റ് റീഡിംഗ് റൂം എന്നായിരുന്നു. പിന്നീട് ശോഭന, നവജീവന്‍, ജ്വാല, വാസുസ്മാരക ബ്ളെയ്സ്, ഉദയ, യൂനിവേഴ്സല്‍ എന്നീ ഗ്രന്ഥാലയങ്ങള്‍ രൂപം കൊണ്ടു. ഇന്ന് ഗ്രാമോദ്ധാരണ വായനശാല, ശോഭന ലൈബ്രറി, ജ്വാല ലൈബ്രറി, എസ്.എം.എം ഗ്രന്ഥാലയം, നവജീവന്‍ എന്നിവയ്ക്ക് സ്വന്തം കെട്ടിടങ്ങളുമുണ്ടായിക്കഴിഞ്ഞിരിക്കുന്നു.